Tuesday, July 12, 2011

എന്റെ വഴി...!- എന്റെ വഴികളിലൂടെ ഒരു യാത്ര- 1

അത് തിരഞ്ഞെടുത്തത് ഞാന്‍ തന്നെയായിരുന്നു... കോളേജ്‌ വിദ്യാഭ്യാസം കൊണ്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടല്ല, ഹൈ സ്കൂള്‍ കഴിഞ്ഞ ഉടനെ ഞാന്‍ എന്റെ വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങിയത്.
അതായിരുന്നിരിക്കാം വിധി...

ചിത്രങ്ങളെയും വര്‍ണ്ണങ്ങളെയും ഇഷ്ടപ്പെട്ടിരുന്നു... ഒപ്പം കലാകാരന്മാരെയും. അതുകൊണ്ട് ആയിരിക്കാം ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെട്ടത്.

അച്ഛനും അമ്മയും, സഹോദരങ്ങളും തുടര്‍ന്ന് പഠിക്കാന്‍ പറഞ്ഞു എങ്കിലും, വീട്ടിലെ സാഹചര്യങ്ങള്‍ എന്നെ അതില്‍ നിന്നും പിന്‍തിരിപ്പിച്ചു. ഒരു കൈത്തൊഴില്‍ അതായിരുന്നു പിന്നെ എന്റെ മനസ്സില്‍.

ഇഷ്ടപെട്ട വഴിയിലൂടെ ഉള്ള സഞ്ചാരം.., ആരും കൊതിക്കാറുണ്ട്... ഞാനും കൊതിച്ചു.. അതിനായ്‌...

സെന്‍റ് ഓഫ്‌ കഴിഞ്ഞു ഗ്രൂപ്പ്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍, ഞാന്‍ ശ്രദ്ധിച്ചത് ആ ഫോടോഗ്രാഫറെ ആയിരുന്നു... ഭരതേട്ടന്‍..
അച്ഛനോട് ഞാന്‍ പറഞ്ഞു, എനിക്ക് ഭാരതെട്ടന്റെ സ്റ്റുഡിയോയില്‍ സഹായി ആയി നില്‍ക്കണം എന്ന്. അങ്ങനെ നിള സ്റ്റുഡിയോയില്‍ ഞാന്‍ പോയി തുടങ്ങി... അതായിരുന്നു എന്റെ ഫോട്ടോഗ്രാഫി യാത്രയുടെ തുടക്കം...

Sunday, June 26, 2011

സിനിമ - എന്റെ സ്വപ്നലോകം

സിനിമ ലോകത്തെ ഞാന്‍ എന്ന് മുതലാണ്‌ ഇഷ്ടപ്പെടുന്നത് എന്ന് ചോദിച്ചാല്‍, അതിനു ഉത്തരം കണ്ടെത്താന്‍ എനിക്ക് കഴിയില്ല. കാരണം സിനിമ കാണുക എന്നത് ഓര്‍മ്മ വച്ച കാലം മുതലേ എനിക്ക് ഇഷ്ടമായിരുന്നു, എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അത് കള്ളമാകും. ഓര്‍മ്മയില്‍ സിനിമ കണ്ടു തുടങ്ങുന്നത് ഒരു ഭ്രാമായിട്ട് തന്നെയായിരുന്നു എന്നു തന്നെ വേണം പറയാന്‍. പണ്ട് വൈദ്യുതിയും മറ്റും വ്യാപകമാല്ലായിരുന്ന ഗ്രാമത്തില്‍ ഞായറാഴ്ചകളില്‍ പണക്കാരുടെ വീട്ടില്‍ മാത്രം ഉണ്ടായിരുന്ന ടി.വി. ക്ക് മുന്നില്‍ നാല് മണിയാകുന്നതിനു മുന്നേ സ്ഥാനം പിടിച്ച ഓര്‍മ്മകള്‍. അടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ സിനിമ കാണാന്‍ പോയതും ഒക്കെ ഇന്നലെ എന്നത് പോലെ മനസ്സില്‍ കാണാം...

ഹൈ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ഫോട്ടോഗ്രാഫി മേഘലയിലേക്ക് തിരിയുമ്പോള്‍ ഒരു കൈ തൊഴില്‍ എന്നതിലുപരി ഒന്നും ചിന്തിച്ചിരുന്നില്ല. പക്ഷെ എപ്പോഴോ ക്യാമറക്കണ്ണിലൂടെ ഞാന്‍ കണ്ടത് നിശ്ചല ചിത്രങ്ങളെക്കാള്‍ കൂടുതല്‍ ചലച്ചിത്രങ്ങള്‍ ആയിരുന്നു. മനസ്സ് ശബ്ദത്തിനും സംഗീതത്തിനും ചിത്രങ്ങള്‍ നല്‍കി...

അതെല്ലാം എന്റെ ഏറ്റവും നല്ല കാഴ്ചയിലൂടെ എന്റെ ക്യാമറയിലേക്ക് പകര്‍ത്താന്‍ വെമ്പുന്നു എന്റെ മനസ്സ്‌.......